തിരുവനന്തപുരം: കായിക കേരളത്തിന്റെ ഓരോ ചലനങ്ങൾക്കും നിർണായക ഇടമായിരുന്ന കേരളാ സ്പോർട്സ് കൗണ്‍സിൽ ഇല്ലാതാവുന്നു.സ്പോർട്സ് കൗണ്‍സിലിനു പകരമായി സ്പോർട്സ് അഥോറിട്ടി ഓഫ് കേരള എന്ന സംവിധാനമാണ് പുതുതായി നടപ്പാക്കാൻ പോകുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇതു സംബന്ധിച്ചുള്ള ബിൽ അവതരിപ്പിച്ചേക്കും.
സ്പോർട്സ് കൗണ്‍സിൽ മുഖേനെ കായികതാരങ്ങൾക്ക് വേണ്ടത്ര പ്രോത്സാഹനങ്ങൾ ലഭിക്കുന്നില്ലെന്ന ഗുരുതരമായ ആരോപണങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു തീരുമാനം സർക്കാർ വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. സ്പോർട്സ് അഥോറിറ്റി ഓഫ് കേരളയുടെ തലപ്പത്ത് ഓരോ ജില്ലകളിലും കളക്ടർമാർ മുഖ്യപദവിയിലെത്തുന്ന രീതിയിലുള്ള സംവിധാനമാണ് കായിക വകുപ്പ് തയാറാക്കി വരുന്നത്.
നിലവിലെ സ്പോർട്സ് കൗണ്‍സിലിലെ ജീവനക്കാരെയെല്ലാം സ്പോർട്സ് അഥോറിറ്റി ഓഫ് കേരളയുടെ ഭാഗമാക്കി മാറ്റും. പുതിയ അഥോറിറ്റിയുടെ നിയന്ത്രണം പൂർണമായും സംസ്ഥാന സർക്കാരിനായിരിക്കും. 2000 ലെ സ്പോർട്സ് ആക്ടിൽ ഭേദഗതി വരുത്തിയാവും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുക. അഥോറിറ്റിയുടെ തലപ്പത്ത് സർക്കാർ നേരിട്ട് നാമനിർദേശം ചെയ്യുന്നവരാകും എത്തുക. ഇതിലൂടെ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ സ്പോർട്സ് അഥോറിറ്റി ഓഫ് കേരള സ്ഥാപിക്കുന്നതിലേക്ക് കടന്നതോടെ നിലവിലെ സ്പോർട്സ് കൗണ്‍സിൽ പുനഃസംഘടനയും ഉണ്ടാവില്ലെന്നുറപ്പായി. സ്പോർസ് കൗണ്‍സിൽ തലപ്പത്തു സ്ഥാനമുറപ്പിക്കാനായി ഏറെ പ്രതീക്ഷയോടെ കാത്തു നിന്ന നിരവധി പേർക്കു പുനഃസംഘടന ഇല്ലെന്ന സൂചനകൾ ലഭിച്ചതോടെ കടുത്ത നിരാശയുമായി.
തുടർച്ചയായ വർഷങ്ങളിൽ സ്പോർട്സ് കൗണ്‍സിലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു വന്നിരുന്നത്. സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്കുള്ള ദിനബത്ത പോലും കൃത്യമായി നൽകാൻ കൗണ്‍സിലിനു സാധിച്ചിരുന്നില്ല. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്കു സംസ്ഥാനത്തിന്റെ ജഴ്സി നൽകുന്നതിലും പലവട്ടവും ഗുരുതരമായ വീഴ്ച്ചകൾ സംഭവിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേറ്റെടുത്തതിനു പിന്നാലെ ചുമതലയിൽ എത്തിയ കായിക സെക്രട്ടറി ഉൾപ്പടെയുള്ളവരുടെ റിപ്പോർട്ടുകൾകൂടി പരിഗണിച്ചാണ് സർക്കാർ ഇപ്പോൾ ഇത്തരത്തിലൊരു നീക്കത്തിലേക്കു കടന്നത്. യുഡിഎഫിന്റെ പ്രകടനപത്രികയിലും സ്പോർട്സ് അഥോറിറ്റി ഓഫ് കേരള എന്ന ആശയത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.